National
നാഗ്പുർ: മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. വറൂട് കോടതിയാണ് ജാമ്യം അനുവദിച്ചത്. നാഗ്പുർ മിഷനിലെ ഫാദര്‍ സുധീറിനാണ് ജാമ്യം ലഭിച്ചത്. വൈദികനൊപ്പമുണ്ടായിരുന്ന ഏഴ് പേർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നാഗ്പുർ ഷിംഗോഡിയിലായിരുന്നു സംഭവം. നിർബന്ധിത മതപരിവർത്തനം ആരോപിച്ചായിരുന്നു വൈദികനെയും ഒപ്പമുണ്ടായിരുന്നവരെയും മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തത്. നാഗ്പുർ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിൻ, ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് ആറ് പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
നാഗ്പുരിൽ നടന്ന ക്രിസ്മസ് പ്രാർഥന യോഗത്തിനിടെ ആയിരുന്നു പോലീസ് നടപടി. ബജ്റംഗദൾ പ്രവർത്തകർ നൽകിയ പരാതിയിലാണ് പോലീസ് വൈദികനെയും ഒപ്പമുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്തത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. അയ്യപ്പ ഭക്തനായ താൻ സ്വർണമായും പണമായും ശബരിമലയിൽ സംഭാവന നൽകിയിട്ടുണ്ട്.
ഒരു കോടിയിലധികം രൂപ ഇങ്ങനെ നൽകി. പാളികൾ സ്വർണം പൂശിയശേഷവും അന്നദാനത്തിനും പണം നൽകി. സ്വർണമാലയും അയ്യപ്പന് സമർപ്പിച്ചു. ഇതിന് ശേഷം തന്റെ കൈയിൽ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വർണം എസ്ഐടി ഭീഷണിപ്പെടുത്തി വാങ്ങിയെന്നും ഗോവർധൻ ആരോപിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള തന്റെ ബന്ധം 2009 തുടങ്ങിയതാണ്. കന്നഡയും ഇംഗ്ലീഷും മാത്രം അറിയാമായിരുന്ന തനിക്ക് പടിപൂജ ബുക്ക് ചെയ്യാൻ പോറ്റി സഹായിച്ചതോടെയാണ് ഈ സൗഹൃദം തുടങ്ങിയത്. പോറ്റിയുടെ നിർദേശ പ്രകാരം ശബരിമല ശ്രീകോവിലിന്റെ വാതിൽ നിർമാണത്തിന് പണം മുടക്കിയത് താനാണെന്നും ഗോവർധന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.
അതേസമയം സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എസ്ഐടി. രണ്ട് പേരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് തിരിച്ചടി. സുധീഷ് കുമാർ സമർപ്പിച്ച രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി.
റിമാന്‍ഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് രണ്ടു ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
സ്വർണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ ജാമ്യ ഹര്‍ജി 18 ന് വിജിലൻസ് കോടതി പരിഗണിക്കും.
ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് 17ലേക്ക് മാറ്റിവെച്ചിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഇഡി അപേക്ഷ നൽകിയത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ കഴിവുകേടാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
കോൺഗ്രസ് ആ ചാപ്റ്റർ ക്ലോസ് ചെയ്തതാണ്. കേരള പോലീസ് അന്വേഷണം പരാജപ്പെട്ടുവെന്നും മുരളീധരൻ പറഞ്ഞു.
പുകഞ്ഞ കൊള്ളി പുറത്താണ്. തെളിവുണ്ടെന്ന് പറഞ്ഞിട്ടും രണ്ടാഴ്ച ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രാഹുലിന് ജാമ്യം കിട്ടിയാലും കിട്ടിയില്ലെങ്കിലും കോൺഗ്രസിനെ ബാധിക്കില്ല. രാഹുലിന് എതിരായ രണ്ടാമത്തെ പരാതി ജനുവിൻ ആണെങ്കിലും അല്ലെങ്കിലും പാർട്ടി ഒരു തീരുമാനമെടുത്തല്ലോ. അതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചുള്ള അടൂർ പ്രകാശിന്റെ പരാമർശം, യുഡിഎഫ് പദവിയിലിരുന്ന് നടത്താൻ പറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വരിന്റെ ജാമ്യാപേക്ഷയിൽ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം ശനിയാഴ്ച കേൾക്കും.
തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ശനിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്ഐആർ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള കേസുകളുടെ എഫ്ഐആർ എങ്ങനെ പബ്ലിക് ഡോക്യുമെന്റാകുമെന്ന് കോടതി ചോദിച്ചു.
എഫ്ഐആർ വായിച്ചതിൽ അതിജീവിതയെ മോശപ്പെടുത്തുന്ന ഒരു കാര്യങ്ങളും പറഞ്ഞിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ മറുപടി നൽകി. അതിജീവിതയെ അപമാനിക്കുന്ന വീഡിയോകൾ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയാറാണ്.
അതിജീവിതയെ അപമാനിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ജാമ്യ ഹർജി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
Kerala
പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ സന്ദീപ് വാര്യര്‍ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. റിമാൻഡിലായി ഒമ്പതാം ദിവസമാണ് ജാമ്യം ലഭിച്ചത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇവർ അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍. യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി.
സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു. തുടർന്ന് സന്ദീപ് ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.